കൊളേജില്‍ നിന്നും എത്തിയ ഞാന്‍ അന്തിച്ചുപോയി. ഇന്നു രാവിലെവരെ യാതൊരു കുഴപവുമില്ലാതെ പടിപ്പുരക്കു മുന്നില്‍ നിന്നിരുന്ന അവന്‍-ആ നാട്ടുമാവ്. അവനതാ നിലം പതിച്ചിരിക്കുന്നു. അല്ല, അവനെ ആരോ കഷണം കഷ്ണമായി അറുത്തിരിക്കുന്നു. എന്തു നല്ല മാങ്ങയായിരുന്നു. പഴുത്താല്‍ പൂളിത്തിന്നാന്‍ നല്ല രസമായിരുന്നു. വലിയ മാങ്ങ, തൊലിക്കുപോലും നല്ല മധുരമായിരുന്നു. എന്തു പറയാനാ, കഴിഞ്ഞില്ലേ. മാങ്ങ വീണ് പടിപ്പുരയുടെ ഓടെല്ലാം പൊട്ടുന്നു, അതു മാറാന്‍ പ്രയാസമാണത്രെ, ഓട് കിട്ടാനും. ഹ്മ്.. എന്താ ചെയ്കാ..
അകത്തു കയറിപ്പോള്‍ അവിടെയതാ പ്രിയപ്പെട്ട മൂവാണ്ടന്‍ മാങ്ങ. ഇപ്പോള്‍ എവിടുന്നാണാവോ.. വാങ്ങിയതാവും. എന്റെ മനസില്‍ ആ പഴയ മാമ്പ്ഴക്കാലം..
3-4 വര്‍ഷം മുന്‍പുവരെ അങ്ങനെയായിരുന്നു. വല്യ അവധിക്ക് കസിന്‍സ് എല്ലാം എത്തും. നമ്മള്‍ ഗവണ്മെറ്റ് സ്കൂളില്‍ പഠിക്കുന്നതിനാലും ട്യ്യൂഷന്‍ തുടങ്ങിയ പൊല്ലാപ്പുകള്‍ ഇല്ലാത്തതിനാലും പരമ സുഖമായിരുന്നു. പരീക്ഷ കഴിഞ്ഞാല്‍ പിന്നെ അവധിക്ക് നാട്ടിലെത്തുന്ന ബന്ധുക്കളെ നോക്കിയുള്ള ഇരുപ്പാണ്, അടിച്ചുപൊളിക്കാന്‍. കളിയും കുളിയുമായി ദിവസങ്ങള്‍ നീങ്ങുന്നതറിയില്ല. കേബിളും കമ്പ്യൂട്ടറും ഒന്നുമില്ലത്തതിനാല്‍ എല്ലാരും ഒരുമിച്ച് എന്തെങ്കിലും കളിയും മത്സരങ്ങളും മാത്രം. ഞായറാഴ്ചകളില്‍ ദൂരദര്‍ശനില്‍ വരുന്ന സിനിമ കാണാന്‍ കാത്തിരിക്കുമായിരുന്നു.
അന്നൊന്നും ബേക്കറി സാധനങ്ങള്‍ അങ്ങനെ വാങ്ങാന്‍ സമ്മതിക്കില്ല. പിന്നെ ആകെ ആശ്രയം നാടന്‍ സാധങ്ങള്‍ തന്നെ.അതായത് മാങ്ങ, ജാതിക്ക, പുളി, ഓലോലിക്ക(ഗ്ലോബിക്ക), ചാമ്പങ്ങ, ബ്ലാത്തിക്ക, കമ്പിളി നാരങ്ങ, നെല്ലിക്കാപ്പുളി.. തുടങ്ങിയവ. ഇതൊക്കെ പച്ചക്കും പഴുത്തിട്ടും കഴിക്കും പിന്നെ പല പല സംഭവങ്ങള്‍ ഇതുപയോഗിച്ച് ഉണ്ടാക്കും അതില്‍ പ്രധാനം ശ്ലോകം.
അതുണ്ടാക്കാന്‍ ഏറ്റവും നല്ലത് മൂവ്വാണ്ടന്‍ മാങ്ങ തന്നെ. പറമ്പില്‍ 3മൂവാണ്ടന്‍ നില്പുണ്ടെങ്കിലും നല്ലതും ധാരാളം ഊണ്ടാവുന്നതും ആറ്റിന്‍ കരയില്‍ ആറ്റിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മാവിലാണ്. അതിലെ മാങ്ങ മുഴുവന്‍ വെള്ളത്തിലേക്കാണ് വീഴുക. അക്കരയും അതുപോലെതന്നെ ഒന്നുണ്ട്. ഇതു രണ്ടുമാണ് ഞങ്ങളുടെ ആശ്രയം. രണ്ടാണെങ്കിലും എറിഞ്ഞിടണം, വെള്ളത്തിലേക്ക് തന്നെ വീഴും, പിന്നെ മുങ്ങിത്തപ്പൊ എടുക്കണം. അക്കരെയുള്ളതണേങ്കില്‍ അക്കരെ വരെ നീന്തി സാധനം ഒപ്പിച്ച് തിരിച്ചു നീന്തി ഇക്കരെ വരണം.നന്നായി വെളഞ്ഞ മാങ്ങയാണ് നല്ലത്( അതായത് പഴുത്തിട്ടും ഇല്ല എന്നാല്‍ പച്ചയും അല്ല എന്ന പരുവം).
എറിയുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം.എറിയുന്ന കല്ല് വള്ളത്തിലും, വള്ളക്കാരനിലും ബോട്ടിലും ഒന്നും കൊള്ളെരുത്. കൊണ്ടാല്‍ ഏതോ ഒരു ബ്ലോഗില്‍ വായിച്ചപോലെ “ശേഷം ചിന്ത്യം”.മാങ്ങ എറിഞ്ഞിടുമ്പോള്‍ ആവിശ്യത്തില്‍ കൂടുതല്‍ കരുതണം.കാരണം ഇതിനിടെ ക്ഷീണം തീര്‍ക്കാന്‍ അവിടെ വച്ചു തന്നെ പൊട്ടിച്ച് കുറെ തീര്‍ക്കും, പിന്നെ അരിയുമ്പോള്‍ പലരുടേയും വായിലേക്കാകും അരിഞ്ഞ കഷ്ണങ്ങള്‍ എത്തുക. മാങ്ങ റെഡിയായാല്‍ അടുത്ത പണി ബാക്കി സാധനങ്ങള്‍ എത്തിക്കുക എന്നതാണ്.ഉപ്പ്, മുളകുപൊടി, വെളിച്ചെണ്ണ, കറിവേപ്പില, ഉള്ളി എന്നിവ ആവിശ്യത്തിന്. അതെല്ലാം അടുക്കളയില്‍ നിന്നും അടിച്ചുമാറ്റി മീറ്റിഗ് സ്ഥലത്ത് കൊണ്ടുവരണം. ഓരോരുത്തരും വെള്ളം കുടിക്കാനാണെന്നും ഒക്കെ പറഞ്ഞ് അടുക്കളയില്‍ കയറും; വരുമ്പോള്‍ എന്തെങ്കിലും ഒന്ന് കൈയില്‍ കാണും. എല്ലാം റെഡിയായാല്‍ മാങ്ങയും ഉള്ളിയും അരിഞ്ഞ് ബാക്കി ചേരുവകല്‍ എല്ലാം കൂടി ചേര്‍ത്ത് ഇളക്കുക. മാങ്ങ ശ്ലോകം തയ്യാര്‍. അല്പം എരിവൊക്കെ കൂടുതല്‍ ചേര്‍ത്തോളുക.എങ്കില്‍ നന്നായിരിക്കും.
പിന്നെ എല്ലാരും എല കീറിക്കോണ്ടു വരും. അതില്‍ വീതിച്ച് ഞങ്ങള്
കഴിക്കും. കുറച്ചു വര്‍ഷങ്ങളായി പഴയ പോലെ ജോറായി ഇതൊന്നും നടക്കുന്നില്ലെങ്കിലും ഇന്നും ഞങ്ങളുടെ ഒത്തുകൂടലില്‍ പ്രധാനം ശ്ലോഗന്‍ തന്നെ..ഒരു പിസ്സായും ബെര്‍ഗറും ഒന്നും ഇവന്റെ ഏഴയലത്തു വരില്ല. ഇതെഴുതുമ്പോള്‍ വായില്‍ ഒരു മഹാ സമുദ്രം തന്നെയുണ്ട്.
കുറിപ്പ്:
പിന്നെ ഇത് നല്ല ഒരു ആയുര്‍വേദ ഔഷധം കൂടിയാണ്. ധഹനക്കേടോ അങ്ങനെ വയറ്റിലുള്ള ഏതസുഖത്തിനും ഇത് വളരെ നല്ലതാണ്.കാരണം അതു കഴിച്ചുകഴിഞ്ഞു 2ഗ്ലാസ് പച്ചവെള്ളവും കൂടി കുടിക്കുക. പരമ സുഖം. വയറ്റിലുള്ള എല്ലാം അടുത്ത ഭക്ഷണം കഴിക്കുന്നതിനു മുന്‍പായി വെളിയില്‍ എത്തിയിരിക്കും. അങ്ങനെ വയറു ക്ലീന്‍.
ദയവായി ഇത് പരീക്ഷിക്കുന്നവര്‍ സ്വന്തം റിസ്കില്‍ പരീക്ഷിക്കുക. ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങല്‍ക്ക് ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല.
Author: അരുണ്‍ വിഷ്ണു